27 December 2011

എനിക്ക് പറയാനുള്ളത് ....


കണ്ണുകള്‍ക്ക് എന്നാണ്
കേള്‍വി ശക്തി വന്നത് ...?
കേട്ടു കേട്ട് ഇപ്പോള്‍ കണ്ണുകള്‍
കാണാന്‍ മറന്നു തുടങ്ങിയിരിക്കുന്നു ...
കേള്‍ക്കുന്നത് ആരോ പറഞ്ഞുണ്ടാക്കുന്ന
തിരക്കഥകള്‍ മാത്രം ...

തലച്ചോറും കേള്‍ക്കുക മാത്രം
ചെയ്യുന്നെന്നാണ് ഇപ്പോള്‍
എനിക്ക് തോന്നുന്നുന്നത് ...
അല്ലെങ്കില്‍ നീ എന്താണ്
എന്നെ തുറിച്ചു നോക്കാത്തത് ?

ഒരു സംശയം ...


ജീവനു വിലയില്ലെന്ന്
ആരാണ് പറഞ്ഞത് ?..
പിടയ്ക്കുന്ന മീനിനു തന്നെയായിരുന്നു
ചന്തയിലെന്നും വിലകൂടുതല്‍ ...

അപ്പോള്‍ മറ്റൊരു സംശയം ...
ജീവനാണോ ജീവനു വേണ്ടിയുള്ള
പിടച്ചലിനാണോ വില കൂടുതല്‍ ?
ഏതിനാണ് ഒരു
ഫ്ലാഷ് ന്യൂസ്‌ കവറേജ് കിട്ടുക ?

28 September 2011

സ്നേഹപൂര്‍വ്വം മാസ്റര്‍ക്ക്...

പ്രിയപ്പെട്ട മാസ്റര്‍ ...
ഇനിയൊരിക്കലും അങ്ങയുടെ ശബ്ദം ക്ലാസ്സ്‌ മുറികളില്‍ മുഴങ്ങില്ല .. അങ്ങയുടെ തമാശകള്‍ കേട്ട് കുട്ടികള്‍ ഇനി പൊട്ടിച്ചിരിക്കില്ല ... ഉത്തരം പറയാനാവാത്ത ഒരായിരം കുസൃതി ചോദ്യങ്ങള്‍
നിറഞ്ഞ തോള്‍സഞ്ചിയും തൂക്കി ഈ സ്കൂള്‍ വരാന്തയിലൂടെ ഇനിയൊരിക്കലും അങ്ങ് നടന്നു വരില്ല ..
എങ്കിലും എന്തിനായിരുന്നു മാസ്റര്‍ അങ്ങയുടെ പ്രിയപ്പെട്ട തോള്‍സഞ്ചിയുടെ കരുത്തില്‍ അവസാന ശ്വാസവും
പകുത്തു മാറ്റിയത്...? ഒരുപാടു ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ വയ്യാഞ്ഞിട്ടായിരുന്നോ? എന്തിനായിരുന്നു?

അന്ന്‍ ആദ്യമായി ഞാനീ ഹൈസ്കൂള്‍ മുറ്റത് എത്തിയത് മുതല്‍ എന്റെ ഒഴിച്ചുകൂടാനാവാത്ത ഒരുപാട്
ഇഷ്ടങ്ങളില്‍ ഒന്നായിരുന്നു മാസ്റര്‍ അങ്ങ്... തത്വ ചിന്തകളും കാവി നിറത്തിലുള്ള നീണ്ട കുര്‍ത്തയും മുഷിഞ്ഞ
തോള്‍സഞ്ചിയും അങ്ങേയ്ക്ക് ഒരു ബുദ്ധി ജീവിയുടെ പരിവേഷം നല്‍കിയിരുന്നു...
എങ്കിലും ഒരുപാട് കുസൃതി ചോദ്യങ്ങള്‍ ചോദിച്ചും കഥകള്‍ പറഞ്ഞും ഞങ്ങളിലൊരാളായി അങ്ങ് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു..ഒരു പക്ഷെ അത് കൊണ്ടുതന്നെ ആയിരിക്കാം ഞങ്ങളോരോരുത്തരും അങ്ങയെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു...
എത്ര പെട്ടെന്നാണ് മാസ്റെര്‍ ഞാന്‍ അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യകളില്‍ ഒരാളായി മാറിയത്?
പൊട്ടിച്ചിരിച്ചും ശാസിച്ചും വഴക്ക് കൂടിയും എത്ര നിമിഷങ്ങളാണ് അങ്ങ് എനിക്ക് ഓര്‍ക്കാനായി തന്നത്..
ഒരു അദ്ധ്യാപകനെന്നതിലുമപ്പുറം ഒരുപാട് സ്വാതന്ത്ര്യം അങ്ങേക്ക് എന്നിലുണ്ടായിരുന്നു... അത് കൊണ്ട്
തന്നെയാണല്ലോ എന്നും അടച്ചുപൂട്ടപ്പെട്ട ജയില്‍ എന്ന് ഞാന്‍ കളിയാക്കി വിളിക്കാറുള്ള വീട്ടില്‍ നിന്നും മാസ്റര്‍
ഉണ്ടെന്നുള്ള ഉറപ്പില്‍ മാത്രം അവസാന വര്‍ഷത്തെ ഊട്ടിയിലേക്കുള്ള വിനോദയാത്രയില്‍ പോകാന്‍ സമ്മതിച്ചത്...

ഒരിക്കല്‍ പോലും വീടു വിട്ടു നിന്നു ശീലമില്ലാത്ത എനിക്ക് അങ്ങനെ ഒരു ചിന്ത പോലും ഉണ്ടാകാത്ത വിധം ‍
എന്‍റെ കാര്യങ്ങള്‍ ആ യാത്രയില്‍ മാസ്റര്‍ ശ്രദ്ധിച്ചിരുന്നു... അത്രയും സുരക്ഷിതത്വം മറ്റൊരിടത്തും ഞാന്‍ അനുഭവിച്ചിരുന്നില്ല ..
ഒരു കൊച്ചു തലവേദന എന്‍റെ ഊട്ടിയിലെ ഒരു ദിവസം നഷ്ടമാക്കിയപ്പോള്‍ മാസ്റര്‍ മാത്രമായിരുന്നു എനിക്ക് കൂട്ടായി
ആ വലിയ ലോഡ്ജു മുറിയില്‍ ഉണ്ടായിരുന്നത്... ജീവിതത്തെയും മരണത്തെയും കുറിച്ചായിരുന്നു അന്നു നമ്മള്‍ സംസാരിച്ചത്..
പല കോണുകളിലൂടെയുള്ള വീക്ഷണങ്ങള്‍ പറഞ്ഞു തന്നത് അത്ഭുതത്തോടു കൂടിയാണ് ഞാന്‍ കേട്ടിരുന്നത്... വലിയ വലിയ കാര്യങ്ങള്‍
സംസാരിച്ചിരുന്നപ്പോള്‍ ഞാനും ഒരുപാട് വലുതാവുന്ന പോലെയായിരുന്നു എനിക്ക് തോന്നിയത്...
ഒരു ദിവസത്തെ യാത്ര നഷ്ടപ്പെട്ടതിനേക്കാള്‍ ഒരുപാട് സമയം മാഷിനോട് സംസാരിക്കുവാന്‍ പട്ടുന്നത്തിന്റെ സന്തോഷമായിരുന്നു
എനിക്ക്....

എങ്കിലും... ആ ഒരു ദിവസത്തിന്റെ ഇതു നിമിഷത്തിലായിരുന്നു മാസ്റെര്‍ നമുക്ക് നമ്മളെ നഷ്ടപ്പെട്ടത് ..? ഒരിക്കലും നമ്മള്‍ ചിന്തിച്ചിട്ടു പോലുമില്ലായിരുന്ന
രീതിയില്‍ എന്തുകൊണ്ടാണ് നമ്മള്‍ ... ആര്‍ക്കായിരുന്നു മാസ്റര്‍ തെറ്റു പറ്റിയത്? എനിക്കോ മാസ്റര്‍ക്കോ...
എല്ലാം പറഞ്ഞു തീര്‍ത്ത്‌ നിശബ്ദമായി സമയം കടന്നു പോകുമ്പോള്‍ മാസ്റര്‍ .... എന്തിനായിരുന്നു നമ്മള്‍ നമ്മളല്ലാതായി മാറിയത്...?
എന്റെയും മാഷിന്റേയും ഇഷ്ടം ഒരിക്കലും ഇതായിരുന്നില്ലല്ലോ മാസ്റര്‍...

ഒരു ഏറ്റുപറച്ചിലോ കുറ്റപ്പെടുത്തലോ ഇല്ലാതിരുന്നിട്ടും എന്തുകൊണ്ടാണ് മാസ്റര്‍ പിന്നീടൊരിക്കലും
പരസ്പരം നോക്കാതിരിക്കാന്‍ ശ്രമിച്ചത്? ദിവസങ്ങളും ആഴ്ചകളും നമുക്കിടയില്‍ നിശ്ശബ്ദമായി കടന്നു പോയി..
ആ നിശ്ശബ്ദതയിലൂടെ അങ്ങ് എന്നോടെന്തെങ്കിലും പറയുന്നുണ്ടായിരുന്നോ..?

മാസങ്ങള്‍ക്കിപ്പുറം ഇന്നലെയായിരുന്നു നമ്മള്‍ വീണ്ടും സംസാരിച്ചത്.... ഓര്‍മ്മയുണ്ടോ മാസ്റര്‍... മാസ്ററുടെ പ്രിയപ്പെട്ട
" ജീവിതത്തിലേക്കുള്ള വാതില്‍" എന്ന് മാസ്റര്‍ എപ്പൊഴും വിളിക്കാറുള്ള സ്കൂള്‍ ഗേറ്റ്-നു മുമ്പില്‍ വച്ച്...
നിശ്ശബ്ദത നിറഞ്ഞ മാസങ്ങള്‍ എനിക്കു മനസിലാക്കിത്തന്ന ഒരു കാര്യം എന്നില്‍ മറ്റൊരു ജീവന്‍ തുടിച്ചു തുടങ്ങിയെന്ന്‍...എങ്ങനെയായിരുന്നു മാസ്റര്‍ ഞാനത് പറഞ്ഞത്... മറന്നിരിക്കുന്നു.. ഒന്നും മിണ്ടാതെ അങ്ങ് നടന്നകന്നതു മാത്രം എനിക്കോര്‍മ്മയുണ്ട്..കണ്ണീര്‍ എന്‍റെ കാഴ്ച മറയ്ക്കുന്നതു വരെ ഞാന്‍ നോക്കി നിന്നിരുന്നു...
ഒരിക്കലും ഞാന്‍ അങ്ങയെ കുറ്റപ്പെടുത്തിയിരുന്നില്ല .. ഒരിക്കലും ഞാനത് ചെയ്യുക്കയില്ലായിരുന്നു..
എന്നിട്ടും എന്തിനായിരുന്നു മാസ്റര്‍ ഇത് ചെയ്തത്..? ഒരുപക്ഷെ മാസ്റര്‍ ആത്മഹത്യ ചെയ്തില്ലായിരുന്നെങ്കിലും
ഞാന്‍ അത് ചെയ്യുമായിരുന്നില്ലേ ...? ഒരുപാട് ചോദ്യങ്ങള്‍ നിറഞ്ഞ ആ തോള്‍സഞ്ചി എന്‍റെ നേരെ വലിച്ചെറിഞ്ഞത്
എന്തിനായിരുന്നു? പിന്‍തുടരാനുള്ള ഒരു ആജ്ഞ ആയിരുന്നോ ഈ യാത്ര കൊണ്ട് മാസ്റര്‍ ഉദ്ദേശിച്ചത്?
പിന്‍തുടരാന്‍ മാത്രം ഞാന്‍ മാസ്ററെ സ്നേഹിച്ചിരുന്നോ എന്നെങ്കിലും ..?

എന്‍റെ തല പെരുക്കുന്നതുപോലെ തോന്നുന്നു മാസ്റര്‍..
ഒരുപാട് ചോദ്യങ്ങള്‍ എനിക്കു ചുറ്റിലും തുറിച്ചു നോക്കുന്നു.. ഉത്തരങ്ങള്‍ വറ്റിയ ഒരു പേന മാത്രമാണ്
ഇനി എന്‍റെ കയ്യിലുള്ളത്... ഈ ഒരു കത്തോടു കൂടി അതും തീരുകയാണ്... എങ്കിലും ഈ കത്ത് മാത്രം ബാക്കിയാക്കി
ഞാന്‍ യാത്രയാവില്ല .. എന്നെ എരിച്ചു തീര്‍ക്കാന്‍ പോകുന്ന തീ നാളങ്ങളില്‍ ഞാന്‍ ഇതിനെയും ഒപ്പം കൂട്ടും..
കളങ്കം എന്ന് സമൂഹം പറഞ്ഞെക്കാവുന്ന ഒന്നിന്‍റെ അവസാന കണ്ണിയും നശിപ്പിക്കാന്‍ മാത്രമല്ല...
മറ്റൊരു ലോകത്ത് ഇതിലെ ചോദ്യങ്ങള്‍ മാസ്ററോട് ചോദിക്കാനും..

ഞാന്‍ നിര്‍ത്തുകയാണ് മാസ്റ്റര്‍.. നേരം ഒരുപാട് വൈകിയിരിക്കുന്നു...
ചെയ്തു തീര്‍ക്കേണ്ടത് ഇതിലും വൈകാന്‍ പറ്റില്ലല്ലോ..
ഇനിയും വൈകിയാല്‍ ഒരുപക്ഷെ എന്‍റെ കൈകള്‍ വിറച്ചു പോയേക്കാം..
അങ്ങനെ സംഭവിച്ചാല്‍ അത് എന്‍റെ മാത്രമല്ല മാസ്ററുടെയും തോല്‍വിയായിരിക്കും ...
അതുകൊണ്ട് ഞാന്‍ അവസാനിപ്പിക്കുന്നു...

സ്നേഹപൂര്‍വ്വം...

27 September 2011

യന്ത്രമനുഷ്യന്‍

ചില്ലു കൂട്ടിലെ എ സി യുടെ തണുപ്പില്‍ യന്ത്ര മനുഷ്യന്‍ പുറത്തേക്കു നോക്കി...
അദ്ഭുതവും ആകാംഷയും നിറഞ്ഞ ഒരുപാടു കണ്ണുകള്‍ .. അഭിനന്ദനങ്ങള്‍ ..
ഇത്തിരി ഗര്‍വ്വോടെ കണ്ണുകളടച്ചു...
ആളുകളുടെ എണ്ണം കൂടിക്കൂടി വരുന്നു.. കാലുകള്‍ ഉയര്‍ത്തിയും കൈകള്‍ വീശിയും
യന്ത്രമനുഷ്യന്‍ ചുറ്റുമുള്ള കണ്ണുകളെ വിസ്മയിപ്പിച്ചു..


ക്ളോക്കിലെ സൂചി ചലനത്തിന് വേഗം കുറഞ്ഞു വരുന്നതു പോലെ..
ചില്ലുകൂടിനു പൊടി പിടിച്ചു തുടങ്ങിയിരിക്കുന്നു... നീണ്ട നില്പ് യന്ത്രമനുഷ്യനെ
തളര്‍ത്തി തുടങ്ങി... ഇപ്പൊ ആരും അടുത്തു വരാറില്ല... ചിലരെങ്ങാന്‍ ദൂരെ നിന്ന്
തിരിഞ്ഞു നോക്കിയാലായി..പുതിയ കണ്ണാടിക്കൂടുകള്‍ വന്നുകൊണ്ടിരിക്കുന്നു...
ഇന്നലെ കുറച്ചുപേര്‍ തുറിച്ചു നോക്കി താഴ്ന്ന സ്വരത്തില്‍ എന്തൊക്കെയോ പറഞ്ഞു..
ഒന്നും മനസിലായില്ല..ഒരു നീണ്ട കോട്ടുകാരന്‍ കന്നാടിച്ച്ചില്ലില്‍ പിടിച്ച് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു...


കണ്ണാടിക്കൂട് പൊട്ടിപ്പോയി... ഈ കുപ്പത്തൊട്ടിയില്‍ ആരാണെന്നെ വലിച്ചെറിഞ്ഞത്?..
കൈ പൊക്കണമെന്നുണ്ട്.. പക്ഷെ "കീ" അവരുടെ കയ്യിലാണല്ലോ...
അല്ലെങ്കിലും എന്നും അത് അങ്ങനെയായിരുന്നല്ലോ...നടന്നതും ഇരുന്നതും ചിരിച്ചതും
കരഞ്ഞതും എല്ലാം അവര്‍ പറഞ്ഞ താളത്തില്‍ ..അവരുടെ സന്തോഷത്തിന്...
ഇനി അത് വേണ്ടല്ലോ.... വെറുതെ ഇരിക്കാം.... സ്വപ്‌നങ്ങള്‍ കാണാം...
സ്വപ്‌നങ്ങള്‍ ...!!
പക്ഷേ... അതിനുള്ള പ്രോഗ്രാം അവര്‍ ചെയ്തിട്ടില്ലല്ലോ...!!
കണ്ണടയ്ക്കാം.... സ്വപ്നങ്ങളില്ലാത്ത ഉറക്കത്തിലേക്ക്...

26 September 2011

തെറ്റും ശരിയും...

എനിക്ക് വിശ്വസിക്കാനായില്ല...ഇരുപതു വര്‍ഷത്തെ അദ്ധ്യാപന ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം..
എന്നെ തുറിച്ചു നോക്കി നില്‍ക്കുന്ന കറുത്ത് മെലിഞ്ഞുണങ്ങിയ ആ കുട്ടിയെ കാണുന്തോറും എന്‍റെ ദേഷ്യം കൂടിക്കൂടി വന്നു...
പുകവലിയുടെ ദൂഷ്യ വശങ്ങളെ കുറിച്ച ഒരുമണിക്കൂര്‍ ഘോരഘോരം പ്രസംഗിച്ച്
ക്ലാസ്സ്‌ എടുത്തശേഷമായിരുന്നു ഞാന്‍ ആ ചോദ്യം ചോദിച്ചത്...
"ഇനി നിങ്ങള്‍ ആരെങ്കിലും വലുതാവുമ്പോ പുകവലിക്കുമോ?"
വെള്ളിയാഴ്ച്ചയിലെ അവസാനത്തെ പീരീഡ്‌ ആയിരുന്നിട്ടും, താല്പര്യപൂര്‍വ്വം കേട്ടിരുന്ന ഏഴാം ക്ലാസ്സിന്‍റെ
പക്വതയില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ച മറുപടി ആണ് കിട്ടിയത്...
"ഇല്ലാ.."
തലേ ദിവസം കഷ്ടപ്പെട്ട് തയ്യാറാക്കിയ പുകവലി വിരുദ്ധ പ്രതിജ്ഞ ലീഡറുടെ കയ്യില്‍ കൊടുത്ത് കസേരയില്‍ ഒന്ന്
ചാഞ്ഞിരുന്നു...

ലീഡറുടെ വായന ഉച്ചത്തിലായിരുന്നു..അതെപ്പോഴും അങ്ങനെയാണ്. കഴിഞ്ഞ ഇരുപതു വര്‍ഷവും കണ്ട എല്ലാ കുട്ടി ലീഡര്‍മാരും
ഉറക്കെ ആണ് വായിച്ചത്...
അല്ലെങ്കിലും കുട്ടികള്‍ക്കെല്ലാം ഒരേ സ്വഭാവമല്ലേ... നമ്മളാണല്ലോ അവരെ വലുതാക്കി പല സ്വഭാവത്തിലുള്ളവരാക്കി മാറ്റുന്നത്...
ലീഡറുടെ ഉറക്കെയുള്ള പ്രതിജ്ഞ അതേ ഈണത്തില്‍ കുട്ടികളും ഏറ്റു ചൊല്ലുന്നു...
ഒരു പാട്ട് പാടുന്ന ലാഘവം മാത്രമേ അവര്‍ക്കുള്ളൂ എന്നാ ചിന്ത എന്നില്‍ ചെറിയ ഒരു ചിരി പടര്‍ത്തി...
അതിനിടയ്ക്ക് എപ്പോഴോ ആണ് പുറകിലെ ബെഞ്ചില്‍ ഒന്നും മിണ്ടാതെ തലതാഴ്ത്തിയിരിക്കുന്ന ഒരു കുട്ടിയെ ഞാന്‍
ശ്രദ്ധിച്ചത്..

ആശ്ചര്യമാണ് ആദ്യം തോന്നിയത്...എങ്ങനെയെങ്കിലും പ്രതിജ്ഞയും തീര്‍ത്ത് ഓടാന്‍ തയ്യാറായി നില്‍ക്കുകയാണ് എല്ലാവരും..
എന്‍റെ ഒരു ഗ്രീന്‍ സിഗ്നല്‍ കിട്ടാന്‍ ബാഗും കുടയുമെടുത്ത് പ്രതിജ്ഞ ചോല്ലലിനിടയ്ക്കും അവര്‍ തയ്യാറായി കഴിഞ്ഞു...അതിനിടയ്ക്കാണ്
ഒരാള്‍ മാത്രം ഒന്നും മിണ്ടാതെ...   എന്‍റെ നോട്ടം അവനില്‍ പതിഞ്ഞത് അവനും കണ്ടു എന്നത് അവനില്‍ ഒരു ഭാവ ഭേദവും ഉണ്ടാക്കിയില്ല...
ആദ്യം തോന്നിയ ആശ്ചര്യം പതുക്കെ ദേഷ്യമായി മാറാന്‍ തുടങ്ങിയിരുന്നു... കയ്യില്‍ വയ്ക്കുമെങ്കിലും ഒരിക്കലും ഞാന്‍ ഉപയോഗിച്ചിട്ടില്ലാത്ത
ചൂരല്‍ വടി നീട്ടി ഞാന്‍ അവനെ അടുത്തേക്ക് വിളിച്ചു...

അപ്പോഴേക്കും ലീഡര്‍ പ്രതിജ്ഞപ്പാട്ട് അവസാനിപ്പിച്ചിരുന്നു...എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ഭാവത്തോടെ
എല്ലാവരും എന്നെയും അവനെയും നോക്കുകയാണ്...ക്ലാസ്സ്‌ നിശബ്ദമായിരുന്നു... അവന്‍ എന്‍റെ മുന്നില്‍ വന്നു നിന്നു...
ഇത്തിരി പോലും ഭയമില്ലാതെ നില്‍ക്കുന്ന അവനെ കണ്ടതോടെ എന്‍റെ ദേഷ്യം ഇരട്ടിച്ചു...
"എന്താടാ നീ പുകവലിക്കുമോ..?"
നിശബ്ദത....
"നിന്നോടാ ചോദിച്ചത് നിനക്ക് വലിക്കണോ...?"
"ഉം..."
അവന്റെ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു...
ഇത്തിരിപ്പോന്ന ഒരു ചെറുത് എന്‍റെ ചൂരല്‍ വടിയുടെ മുമ്പില്‍ നിന്ന് എന്നെ വെല്ലുവിളിക്കുന്നു...
"കൈ നീട്ട്.... "
ഒരു ഭാവ മടിയുമില്ലാതെ അവന്‍ കൈ നീട്ടി...
ഇവിടെ പ്രതിവിധി ഇതുമാത്രം എന്നുറപ്പിച്ചപോലെ ചൂരല്‍ അവന്‍റെ കയ്യില്‍ അമര്‍ന്നു...
അവനു ഭാവമാറ്റം ഒന്നുമുണ്ടായില്ല...അടികൊണ്ട കൈ ചുരുട്ടി പിടിച്ച് അവന്‍ തല താഴ്ത്തി നിന്നു...
അപ്പോഴേക്കും ബെല്ല് മുഴങ്ങിക്കഴിഞ്ഞിരുന്നു... എന്‍റെ ഗ്രീന്‍ സിഗ്നല്‍ കിട്ടിയതോടെ എല്ലാവരും പതുക്കെ
പുറത്തിറങ്ങാന്‍ തുടങ്ങി.ശിക്ഷയുടെ അടുത്ത ഘട്ടം കാണാനായി തിരിഞ്ഞു തിരിഞ്ഞാണ് അവരുടെ നടത്തം.

എല്ലാവരും പുറത്തിറങ്ങി കഴിഞ്ഞപ്പോള്‍ ഞാന്‍ അവന്‍റെ അടുത്തു ചെന്നു..
"നാളെ വരുമ്പോള്‍ അച്ഛനെ വിളിച്ചിട്ട് വന്നാല്‍ മതി.."
വടിയുമെടുത്ത് ഞാന്‍ തിരിഞ്ഞു നടന്നു..
"സാര്‍..." ഒരു ഇടറിയ ശബ്ദം..
സ്ഥിരം കേള്‍ക്കാറുള്ള ഒരു ഏറ്റു പറച്ചില്‍ കേള്‍ക്കാനായി ഞാന്‍ തിരിഞ്ഞു നിന്നു..ഇത്തവണ
അവന്‍റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്...ഒടുവില്‍ എന്നോടുള്ള വെല്ലുവിളി പിന്‍വലിച്ച് അവന്‍ കീഴടങ്ങിയിരിക്കുന്നു...
"ഊം...?"
"അച്ഛന് വരാന്‍ പറ്റില്ല സാര്‍..
രണ്ടു കാലും തളര്‍ന്നതാ... അങ്ങാടിയില്‍ ബീഡി തെറുത്ത് കിട്ടുന്ന
പൈസ കൊണ്ട അമ്മയ്ക്ക് മരുന്നും.. എനിക്കുള്ള...
അച്ഛന് പണിയില്ലാണ്ടായാ.. എന്‍റെ അമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ പറ്റാണ്ടാവും... അതുകൊണ്ടാ ഞാന്‍... അങ്ങനെ പറഞ്ഞത്..."

ചൂരല്‍ കൊണ്ടുള്ള അടി എന്‍റെ ഹൃദയത്തില്‍ ഏറ്റതുപോലെയാണ് എനിക്ക് തോന്നിയത്..
എന്തോ പറയാന്‍ തുടങ്ങിയെങ്കിലും ശബ്ദം പുറത്തു വന്നില്ല..ആ കൊച്ചു കുട്ടിയുടെ മുമ്പില്‍
എന്‍റെ ആദര്‍ശവും ശരിയും ഒന്നുമല്ലാതായി മാറുന്നത് ഞാനറിഞ്ഞു...
എന്‍റെ മറുപടിക്ക് കാത്തു നില്‍ക്കാതെ അവന്‍ നടന്നു തുടങ്ങിയിരുന്നു...
സ്കൂള്‍ ഗേറ്റും കടന്ന്‍ കവല തിരക്കില്‍ മറയുന്നതു വരെ ഞാന്‍ അവനെത്തന്നെ നോക്കിനിന്നു..
ലീഡര്‍ തന്ന പ്രതിജ്ഞയുടെ കടലാസ് അപ്പോഴും എന്‍റെ കയ്യില്‍ വിശ്രമിക്കുകയായിരുന്നു...
ഞാനത് ചുരുട്ടി ദൂരെ കളഞ്ഞു....

22 September 2011

ക്ഷണിക്കപ്പെടാത്ത അതിഥി...

മഴ എന്നും ഇങ്ങനെയായിരുന്നു....
സമയം തെറ്റി വരുന്ന അഥിതിയെ പോലെ..
അന്ന്‍ നാലു വര്‍ഷങ്ങള്‍ക്കു മുമ്പ്...
ആദ്യമായി നിന്നെ കണ്ടതും
ഒരു മഴക്കാലത്തായിരുന്നു..

ഈ കലാലയത്തിന്‍റെ ഇരുണ്ട ഇടനാഴിയില്‍ ..
മഴ തോരുന്നതും കാത്ത് നീ നിന്നപ്പോള്‍ ...
എന്‍റെ മനസിലും പെയ്യുകയായിരുന്നു...
പിന്നീടെപ്പോഴോ ചൂടും തണുപ്പും
മാറി മാറി വന്നപ്പോള്‍
എന്‍റെ കൈകളെ നീ ചേര്‍ത്ത് പിടിച്ചു...
അപ്പോഴേക്കും മഴ എങ്ങോ പോയിമറഞ്ഞിരുന്നു,,,

എങ്കിലും ഞാന്‍ പിന്നെ മഴയെ ഓര്‍ത്തതേയില്ല...
കാരണം നീ എന്നില്‍ പെയ്യാന്‍ തുടങ്ങിയിരുന്നു...
ഞാന്‍ പോലും അറിയാതെ എന്നെയും കൂടി
ഒരുപാടു ദൂരം നീ നടന്നു...
ഒരു പേമാരിയായി നീ പെയ്തപ്പോള്‍ ..
കവചം നഷ്ടപ്പെട്ട് ഞാന്‍ തണുത്തു വിറയ്ക്കുകയായിരുന്നു...

എന്‍റെ ചിന്തയും കാഴ്ചയും നീ മറച്ചപ്പോള്‍ ...
എന്നിലലിഞ്ഞു ചേര്‍ന്ന
എന്‍റെ പ്രസ്ഥാനവും എന്നെ വിട്ടു പോയി..
എങ്കിലും...ഞാന്‍ വേദനിച്ചില്ല...
കാരണം... എന്‍റെ ലോകം നീയായി മാറിയിരുന്നു...

ഒടുവില്‍ ഇന്ന്‍ ഈ സന്ധ്യയില്‍ ...
എന്‍റെ കൈകള്‍ വേര്‍പെടുത്തി നീ
തിരിഞ്ഞു നടന്നു...
എന്‍റെ കാഴ്ച മങ്ങുന്നതു പോലെ...
നിഴല്‍ പോലെ നീ ഒരുപാടു അകലെ....

തകര്‍ത്തു പെയ്യുന്ന മഴയിലും
ദേഹം ചുട്ടു പൊള്ളുന്നു...
ചിന്തകള്‍ ചിതലരിക്കപ്പെട്ട തലച്ചോര്‍ മാത്രം പറഞ്ഞു...
ഈ മരച്ചുവട്ടില്‍ നീ ഇനി തനിച്ചാണ്...
ക്ഷണിക്കപ്പെടാത്ത ഒരു അഥിതി കൂടി
എന്നെ വിട്ടു പിരിഞ്ഞിരിക്കുന്നു...

മഴ പിന്നെയും എന്നെ നനയ്ക്കുന്നു...
അതങ്ങനെയാണ്...
സമയം തെറ്റിവരുന്ന അതിഥിയെപ്പോലെ...
 
Copyright © 2010 യാത്രക്കാരന്‍ ... All rights reserved.