03 July 2012

Spirit

"നിനക്ക് വട്ടാണ് ..."
അതെ എനിക്ക് വട്ടാണ് ....
അല്ലെങ്കില്‍ പെണ്ണെ ...
നിന്റെ ഓര്‍മ്മകള്‍ വോഡ്ക കുപ്പിയിലെ 
നിറമില്ലാത്ത ദ്രാവകത്തില്‍ 
മുക്കിക്കളയാന്‍ ഞാന്‍ ശ്രമിക്കുമായിരുന്നില്ല ...

കഞ്ചാവ് സിഗരറ്റിന്റെ 
പുകച്ച്ചുരുളിനോപ്പം നീ തന്ന 
നിമിഷങ്ങള്‍ പറത്തിക്കളയാനും  
ഞാന്‍ ശ്രമിക്കുമായിരുന്നില്ല ...

ഒടുവില്‍ എല്ലാം മറന്നു കഴിഞ്ഞെന്ന ആവേശത്തിന്റെ
അവസാനത്തെ ആഞ്ഞു വലിയില്‍
ചുണ്ട് പോള്ളിയപ്പോള്‍ 
കറുത്തു പോകുന്ന ചുണ്ടിനെ പറ്റി  നീ പറഞ്ഞതാണ് 
ഓര്‍മ്മ വന്നത് ...

പൊള്ളിയ ചുണ്ടില്‍ വോഡ്ക കുപ്പി ചേര്‍ത്ത്
വച്ച് തണുപ്പിക്കുമ്പോഴും 
പിന്നെയും ഉള്ളില്‍ കിടന്നു പൊള്ളുന്നു ..
നിന്റെ ഓര്‍മ്മകള്‍ ...

27 June 2012

അതിജീവനം ..


ഇരുട്ട് വീണ വഴികളില്‍ അവര്‍ തേടിയത്
കളര്‍ക്കുപ്പികളില്‍ നിറച്ച കോളയായിരുന്നില്ല ...
നിലനില്‍പ്പിനുള്ള ദാഹ ജലമായിരുന്നു ..
അവസാന ശ്വാസം വലിക്കും മുമ്പ്
വരണ്ടു പൊട്ടിയ ചുണ്ട് നനക്കാന്‍ ...

കരച്ചിലുകള്‍ക്ക് ശക്തി കുറയുകയാണ് ..
വിശന്നൊട്ടിയ വയറിന് ശബ്ദമുണ്ടാവില്ലെന്ന്
ശാസ്ത്രം പറഞ്ഞതാണ് പോലും ..
ചിലപ്പോഴെങ്കിലും ശാസ്ത്രം സത്യം പറയുന്നു ..
ഒരു മഴ പെയ്തിരുന്നെങ്കില്‍ ...

25 May 2012

തിരയകലും മുമ്പേ ...

      "എനിക്കൊന്നു കാണണം .. ഞാന്‍ വരും മെയ്‌ 17 ന് - വോള്‍ഗ "

 അച്ചടക്കമില്ലാതെ ഉയര്‍ന്നും താഴ്ന്നും നിന്ന കറുത്ത അക്ഷരങ്ങള്‍ക്കിടയില്‍ മൌനത്തില്‍ പൊതിഞ്ഞ ഒരായിരം കാര്യങ്ങള്‍ നീ എന്നോട് പറയുന്നത് ഞാനറിയുന്നു വോള്‍ഗ ...
ഇരുട്ട് നിറഞ്ഞ എന്റെ മനസ്സില്‍ ഇന്നും എനിക്ക് നിന്നെ കാണാം .. അടച്ചു പിടിച്ച മിഴികള്‍ക്കപ്പുറം മങ്ങാത്ത ഒരെയോരോര്‍മ്മ നീ മാത്രമാണ് ..

ഇടയ്ക്കെപ്പോഴെങ്കിലും വെളിച്ചം അരിച്ചിറങ്ങുന്ന ഈ ജയില്‍ മുറിയില്‍ നീണ്ട പന്ത്രണ്ട് വര്‍ഷങ്ങള്‍ .. അതിനിടയില്‍ ഒരിക്കല്‍ പോലും ഇങ്ങനെ ഒരു ദിവസത്തിനായി 
ഞാന്‍ കാത്തിരുന്നിട്ടുണ്ടാവില്ല .. ഈ പരുപരുത്ത തറയില്‍ നിന്റെ കത്തും ചേര്‍ത്ത് പിടിച്ച് ഇരുന്നും കിടന്നും ഞാന്‍ തള്ളി നീക്കിയ ദിവസങ്ങള്‍ ..
എത്ര തവണ ഒരു വരി മാത്രമുള്ള ആ കത്ത് വായിച്ചു എന്ന് പോലും ഞാന്‍ മറന്നിരിക്കുന്നു വോള്‍ഗ ...

നിയമം എനിക്ക് തന്ന മരണ ശിക്ഷയ്ക് ഒരു കൃത്യം ഒരു ദിവസം മുമ്പ് മാത്രം എന്നെ വന്നു കാണാന്‍ എന്തിനായിരുന്നു വോള്‍ഗ നീ തീരുമാനിച്ചത് ?
മറ്റേതൊരു ദിവസത്തെയും പോലെ ഈ മെയ്‌ 17 ഉം അസ്തമിച്ചു നാളെ പുലരുമായിരുന്നു ... ഞാന്‍ ഉണ്ടാവില്ല എന്നൊരു വ്യത്യാസം മാത്രം ബാക്കി വച്ച് ...
പന്ത്രണ്ടു വര്‍ഷത്തിനിപ്പുറത്തേക്ക് വധശിക്ഷ വിധിച്ച് മരണം കാത്തു കിടക്കാന്‍ പറഞ്ഞ നിയമത്തിനു പോലും എന്നെ ഇത്രയേറെ വേദനിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല ...
മരണത്തെ ഭയക്കാതിരിക്കാന്‍ ഞാന്‍ നെഞ്ചോടു ചേര്‍ത്തു വച്ച പ്രസ്ഥാനം എന്നെ എന്നെ പഠിപ്പിച്ചിരുന്നു ...
പക്ഷെ നിന്റെ കത്ത് കിട്ടിയ ശേഷമുള്ള പത്ത് ദിവസങ്ങള്‍ .. പഠിച്ച തത്വങ്ങളോ വിശ്വസിച്ച ആശയങ്ങളോ .. ഒന്നും എനിക്ക് കൂട്ടായിരുന്നില്ല ...
ഒടുവില്‍ .. നീ ഇന്ന് വരികയാണ് ... മരിക്കും മുമ്പ് ഒരു ശിക്ഷ കൂടി തരാനാണോ വോള്‍ഗ ..? എന്തിനാണ് നീ എന്നെ കാണാന്‍ വരുന്നത് ?കടല്‍ തീരത്തെ സന്ധ്യകളില്‍ ചുവന്ന സൂര്യനെയും നോക്കി ഒരുമിച്ചിരുന്ന നിമിഷങ്ങളില്‍ നീ ഒരുപാട് സംസാരിക്കുമായിരുന്നു ... എന്റെ തോളില്‍ തല ചേര്‍ത്ത് ചാരിയിരുന്ന് ഒരുപാട് നേരം ...ഒടുവില്‍ നീണ്ട മൌനങ്ങളില്‍ അത് അവസാനിക്കുമ്പോള്‍ നീ എന്റെ കൈകള്‍ മുറുകെ പിടിച്ചിട്ടുണ്ടായിരിക്കും ..
എന്റെ ഇടതു കൈ ചേര്‍ത്ത് പിടിച്ച് നീ പറയുമായിരുന്നു ... " വലതു കൈ പ്രസ്ഥാനത്തിന് കൊടുത്തോളൂ .. ഇടം കൈയില്‍ ഞാനുണ്ടാവും എന്നും .. മുറുകെ പിടിച്ചോളണം "
എത്ര സന്ധ്യകള്‍ ... മണിക്കൂറുകള്‍ നീയും ഞാനും മാത്രം .. ഇന്ന് ആ നിമിഷങ്ങളുടെ ഓര്‍മ്മകള്‍ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു .. അതിന്റെ കാരണവും നിനക്കറിയാമല്ലോ ...

അച്ഛനെയും അമ്മയെയും കൊന്ന എന്നോട് നിനക്ക് ക്ഷമിക്കാന്‍ കഴിയുമോ വോള്‍ഗ .. എന്നെങ്കിലും !! ചിന്തിക്കാന്‍ പഠിപ്പിച്ച പ്രസ്ഥാനത്തിന്റെ കണ്ണുകളില്‍ എന്നോ അവര്‍

ഞങ്ങളുടെ ശത്രുക്കളായി മാറിയിരുന്നു .. ഒരു വാള്‍ മുനയില്‍ രണ്ടുപേരെയും ഇല്ലാതാക്കുമ്പോള്‍ ഒരിക്കലും നിന്റെ മുഖം എന്റെ മനസ്സില്‍ വന്നിരുന്നില്ല .. നിന്നെക്കാളും പ്രസ്ഥാനത്തെ സ്നേഹിച്ചിരുന്നത് കൊണ്ടായിരിക്കുമോ ? അറിയില്ല ... മുഖത്ത് തെറിച്ചു വീണ ചോരത്തുള്ളികള്‍ ഇടതു കൈ കൊണ്ട് തുടച്ചു നീക്കുമ്പോള്‍ 

ഒരു  നെടുവീര്‍പ്പ് മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ .. 

ഇന്ന് ഇവിടെ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു സന്ധ്യയില്‍ നീയും ഞാനും വീണ്ടും കണ്ടുമുട്ടാന്‍ പോകുന്നു . ഇന്ന് എന്റെ രണ്ടു കൈകളും ശൂന്യമാണ് . ഇരുട്ട് മുറിയിലെ ഏകാന്തതയില്‍ 
എന്റെ പ്രസ്ഥാനവും ചിന്തകളും എന്നേ എന്നേ തനിച്ചാക്കി അകന്നിരുന്നു... മരണത്തിനു മുമ്പുള്ള അവസാനത്തെ കണ്ടുമുട്ടല്‍ ... എന്റെ നെഞ്ചിടിപ്പ് കൂടി വരുന്നു .
പുലര്‍ച്ചെ മുതല്‍ കാത്തു നില്‍കാന്‍ തുടങ്ങിയതാണ്‌ ഞാന്‍ ... ഈ ജയില്‍ കമ്പികളില്‍ മുറുകെ പിടിച്ച് ... തല ചേര്‍ത്തു വച്ച് ...
ഇനി നീ വരാതിരിക്കുമോ വോള്‍ഗ .. ഇതായിരിക്കുമോ നീ എനിക്ക് തരുന്ന ശിക്ഷ ?

 സൂര്യന്‍ താഴ്ന് തുടങ്ങിയിരിക്കുന്നു ... ജയിലിന്റെ പരിസരമാകെ ചുവന്നിരിക്കുന്ന പോലെ ... അകലെ നിന്ന് ഒരു നിഴല്‍ എന്റെയടുത്തേക്ക് നടന്നു വരുന്നത് എനിക്ക് കാണാം .. കേട്ടു മറന്ന 
ഏതോ ഒരു പാട്ടിന്റെ താലത്തിലെന്ന പോലെ ആ നിഴല്‍ രൂപം എന്റെ അടുത്തെത്തിക്കഴിഞ്ഞു .. അത് .. അത് നീയാണ് ... വോള്‍ഗ !!!
ജയില്‍ക്കമ്പികള്‍ക്ക് ഇടയിലൂടെ ഒരു നിശ്വാസത്തിനുമപ്പുറം എന്റെ വോള്‍ഗ ..

എനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല ...നിനക്കും .. മൌനത്തില്‍ പൊതിഞ്ഞ നിമിഷങ്ങള്‍ . നിന്റെ കണ്ണുകള്‍ ഞാന്‍ കാണുന്നുണ്ട് ... അതിലെ നിസ്സംഗത എന്നേ വല്ലാതെ വേദനിപ്പിക്കുന്നു... 
നിന്റെ കാലില്‍ വീണു പൊട്ടിക്കരഞ്ഞു മാപ്പ് ചോദിക്കണമെന്നുണ്ട് .പക്ഷെ എന്റെ മുഖത്തേക്ക് നീ ഒന്ന് നോക്കുക പോലും ചെയ്യുന്നില്ലല്ലോ വോള്‍ഗ ..
നീ വല്ലാതെ മെലിഞ്ഞു പോയിരിക്കുന്നു ... മറ്റാരോ ആയ പോലെ .. എനിക്ക് നിന്നെ കൈ നീട്ടി ഒന്ന് തൊടണം എന്നുണ്ട് . പക്ഷെ ധൈര്യമില്ല ..
സമയം കഴിഞ്ഞതിന്റെ അറിയിപ്പ് വന്നിരിക്കുന്നു ... നിനക്കൊത്തുള്ള അവസാനത്തെ സന്ധ്യ ...ഇവിടെ അവസാനിക്കുകയാണ് ...

നനുത്ത രണ്ടു കൈകള്‍ ജയില്‍ കമ്പികളില്‍ പിടിച്ച എന്റെ ഇടതു കൈ ചേര്‍ത്തു പിടിക്കുന്നത് ഞാനറിയുന്നു .. നിന്റെ കണ്ണുകള്‍ നനഞ്ഞിരിക്കുന്നു ...
"അത് ചെയ്തത് ഒരിക്കലും നീയല്ല ... നിന്റെ പ്രസ്ഥാനമാണ് ... ഈ ഇടതു കയ്യില്‍ വോള്‍ഗ ഉണ്ടാവും .. നീ എങ്ങോട്ട് പോയാലും .. നിന്നോടോത്തുള്ള യാത്രയ്കായാണ് ഞാനും കാത്തിരുന്നത് .. മുറുകെ പിടിച്ചോളണം .." 
എന്റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരിക്കുന്നു ... കണ്ണുനീര്‍ ഞാന്‍ തുടച്ചു മാറ്റുന്നില്ല ...നീ തിരിഞ്ഞു നടക്കുന്നത് കാണാന്‍ എനിക്കാവില്ല വോള്‍ഗ ...
മനസ്സില്‍ ഒരു കടല്‍ ഇരമ്പുന്നു .. തിരകള്‍ക്കിടയില്‍ ഇടതു കൈ ഉയര്‍ത്തി ഞാന്‍ ഉറക്കെ കരയുന്നുണ്ട് ... തീരത്ത് ചുവന്ന പൊട്ടു പോലെ നീയും ..
ആരോ എന്നേ പുറകില്‍ നിന്ന് പിടിച്ച് വലിക്കുന്നു .. കണ്ണില്‍ ഇരുട്ട് കയറിയ പോലെ .. വലിയൊരു തിരമാല ഒരു മുഖം മൂടി കണക്കെ എന്റെ മുഖം മറച്ചിരിക്കുന്നു ...
ശ്വാസം മുറുകുന്ന പോലെ ... ഇടതു കൈ മാത്രം ഞാന്‍ ഉയര്‍ത്തിപിടിച്ചോളാം... നീയുണ്ടെങ്കില്‍ വോള്‍ഗ ....


17 May 2012

എന്റെ മാത്രം നിനക്ക് ...
മൌനം പറഞ്ഞ വാക്കുകളില്‍ 

പെയ്തോഴിഞ്ഞതു മുഴുവന്‍ 
നിന്നെ കുറിച്ചുള്ള ഓര്‍മകളായിരുന്നു ...
പേമാരിയും ചാറ്റല്‍ മഴയായും 
ഇടിമിന്നല്‍ വെളിച്ചത്തില്‍ ...
അതെന്നെ തണുപ്പിച്ചു കൊണ്ടേയിരുന്നു ...
ഞാന്‍ കരയുകയല്ലായിരുന്നു ...

16 May 2012

നീ തന്ന പ്രണയം ..


നടന്നു തീര്‍ത്ത വഴികളിലെല്ലാം 
നിന്നോടുള്ള പ്രണയമായിരുന്നു ..
ഒരു കിടപ്പറയുടെ ചൂടില്‍
നിന്റെ പ്രണയം എന്നില്‍ നീ അവസാനിപ്പിച്ചപ്പോള്‍ ..
ഞാനറിഞ്ഞു...
നിന്റെ പ്രണയം എന്തായിരുന്നുവെന്നും
നിനക്കുഞാന്‍ ആരായിരുന്നുവെന്നും ...

08 May 2012

എന്റെ ഒഞ്ചിയം ...

ഒഞ്ചിയം ...

പറഞ്ഞു കേട്ട കഥകളില്‍ 
നിനക്കെന്നും ചുവപ്പ് നിറമായിരുന്നു ...
ത്യാഗത്തിന്റെയും സമരത്തിന്റെയും ചുവപ്പ് ...

ഇന്നിവിടെ ചരിത്രം പുതിയൊരേട് എഴുതി ചേര്‍ക്കുമ്പോഴും 
നിനക്ക് ചുവപ്പ് നിറം തന്നെയാണ് ...
പക്ഷെ ഈ ചുവപ്പിന് 
ചോര മണം മാത്രമാണ് ...

ഇന്നിന്റെ തെറ്റുകള്‍ 
നാളത്തെ തലമുറ ചോദ്യം ചെയ്യുമെങ്കില്‍ ..
ചരിത്രം മാറ്റി എഴുതിയവരെ ...
നിങ്ങള്‍ക്ക് മാപ്പില്ല ...
ഒഞ്ചിയത്തിന്റെ മണ്ണിലും ..
മനസിലും ...
 
Copyright © 2010 യാത്രക്കാരന്‍ ... All rights reserved.